Tuesday, July 7, 2015

അര നോമ്പുകള്‍

പുണ്ണ്യങ്ങളുടെ പൂക്കാലമാണ്  റമളാന്‍ മാസം. കുട്ടിക്കാലത്ത് റംസാന്‍ തുടങ്ങിയാല്‍ പിന്നെ പെരുന്നാളിനായി കാത്തിരിപ്പാണ്,പുതിയ ഉടുപ്പിനായും  പെരുന്നാള്‍ കൈനീട്ടത്തിനും  ഉള്ള ഒരു കാത്തിരിപ്പ്‌ .എന്നാല്‍ കുട്ടിക്കാലത്തെ നോമ്പിന്‍റെ ആവേശം മറ്റൊന്നാണ്.

അത്തായത്തിനു എഴുനേല്‍ക്കുക നോമ്പ് തുറക്കാന്‍ നോമ്പ്കാരെക്കാള്‍ തൃതി കാണിക്കുക,നോമ്പ് നോക്കി  പകുതിക്ക് വെച്ച്  ആരും കാണതെ മുഖം കാഴുകാനെന്ന  വ്യാജേന  വെള്ളം കുടിക്കുക...അങ്ങനെപലതും....

അടുക്കളയിലെ ബഹളം കേട്ടായിരിക്കും ഉണരുക,സുബഹി ബാങ്ക് കൊടുക്കാന്‍ അഞ്ചു മിനിറ്റോ പത്തു മിനിറ്റോ ബാക്കി ഉണ്ടാകുമ്പോഴായിരിക്കും  വിട്ടുകാരുടെ ശബ്ദം കേട്ട് ഉണരുന്നത്. ഉറക്കം പോയിട്ടില്ലാത്ത തറക്കുന്ന കണ്ണുകള്‍ തിരുംമ്മികൊണ്ട് അടുക്കളയിലേക്ക്നടക്കും. അത് കണ്ട് സഹോദരിമാര്‍ പറയും

"ആ ആളെത്തി... "

തല ചൊരിഞ്ഞു കൊണ്ട് അവരെ നോക്കി നില്‍ക്കുമ്പോള്‍ ഉമ്മയുടെ ചോദ്യം

"നീ നോമ്പ് നോക്കുന്ന..."

സമ്മത ഭാവത്തില്‍ തലയാട്ടും

"പോയി പല്ല് തേച്ചു വാ,ഇപ്പം ബാങ്ക് കൊടുക്കും"

ഉടനെ ബാത്രൂമിലേക്ക് ഓടും, പല്ല് തേച്ചന്ന് വരുത്തി ഉടനെ മേശക്കരികിലെത്തും.

അപ്പോഴേക്കും ഉമ്മ പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും അതില്‍  ഉമ്മയുടെ രുചികൂട്ടില്‍ തയ്യാറാക്കിയ ഉപ്പേരിയും ഉണ്ടാകും കൂട്ടിന് ഒരു പപ്പടവും, കഴിച്ചു കഴിയാറാകുമ്പോഴേക്കും പള്ളിയില്‍ നിന്നും സുബഹി ബാങ്ക് വിളി ഉയരും.

ഉമ്മയും സഹോദരിമാരും  നമസ്ക്കാരത്തിനായി പോകുമ്പോള്‍ , എന്‍റെ കണ്ണില്‍ വിണ്ടും ഉറക്കം വന്നു തുടങ്ങും,ഉറക്കം തൂങ്ങുന്ന എന്നെ കണ്ടാല്‍ പിന്നെ ഉമ്മയുടെ ശകാരം. പോയി ഉറങ്ങാന്‍ പറയും.പിന്നെ പതിയെ ഉറക്കത്തിലേക്ക്.

റംസാന്‍ കാലത്ത് സ്കൂലിന് അവധിനാളുകളാണ്. മദ്രസയില്‍ കൊല്ല പരീക്ഷ കഴിഞ്ഞ് പുതിയ ആദ്യയനവര്‍ഷത്തിലേക്കുള്ള  റിസല്‍ട്ടിനായി കാത്തിരിക്കുന്ന കാലവും .അതുകൊണ്ട് ആ അവധിക്കാലം ഒരു ഉത്സവക്കാലം തന്നെയാണ് അതുകൊണ്ട് രാവിലെതന്നെ  എഴുനേല്‍ക്കും,

പിന്നെ കളിയാണ്‌,കൂട്ടിന് കുഞ്ഞനുജത്തിയുംഉണ്ടാകും.അവള്‍ക്കു നോമ്പില്ലാത്തത്ത്  കൊണ്ട് ഉമ്മ അവളെ ഉച്ചയൂണിനായി വിളിക്കും. ആ സമയം  എനിക്കും വിശപ്പ്‌ തുടങ്ങും,പിന്നെ ഉമ്മയുടെ അടുത്ത് ചെന്ന് "പയിക്കുന്നുമ്മ" എന്ന് പറയും,ഉമ്മ ആദ്യം ശകാരിക്കും.

പിന്നെ അടുക്കളയി പോയി അത്തായത്തിനു  ഉണ്ടായിരുന്ന കഞ്ഞിയും ഉപ്പേരിയും പാത്രത്തില്‍ തരും,അതും കഴിച്ച് വിണ്ടും കളിതുടങ്ങും.

ആരെങ്കില്‍ വിട്ടില്‍ വന്നു നോമ്പില്ലേ എന്ന് ചോദിച്ചാല്‍
അരനോമ്പ് നോക്കി എന്ന് അവരോട് മറുപടി പറഞ്ഞ് വിണ്ടും കളിയില്‍ മുഴങ്ങും.

നോമ്പ് തുറക്കാന്‍ നേരം ഉണ്ടാക്കുന്ന സര്‍ബത്ത് ആദ്യം രുചിച്ചു നോക്കുന്നതും ,നോമ്പ് തുറക്കാന്‍ നേരം ആദ്യം മേശയില്‍ ചെന്ന് ഇരിക്കുന്നത് ഞാനായിരിക്കും. ആ സമയം നോമ്പ്കാരേക്കാള്‍ നോമ്പ്തുറക്കാന്‍ തൃതി എനിക്കാണ്.

അങ്ങനെ റമളാന്‍ മാസത്തിലെ 30 നോമ്പില്‍ നിന്നും അര നോമ്പ് നോക്കി മൂന്നോ നാലോ നോമ്പ് നോക്കും കുഞ്ഞനുജത്തിയും അങ്ങനെ  ചിലപ്പോള്‍ അരനോമ്പുകള്‍ നോക്കും ,
അതായിരുന്നു കുട്ടിക്കലാത്തെ നോമ്പ് അനുഷ്ടാനം ഇത് എന്‍റെ മാത്രമല്ല നിങ്ങളുടെ  ഓരോരുത്തരുടെയും അല്ലേ....

കുട്ടിക്കാലത്തെ  അരനോമ്പുകളുടെ കാലം.

Monday, June 15, 2015

മിന്നാമിനുങ്ങുകള്‍

      “ പാര്‍വ്വതിയുടെ ഈ വിജയം നമ്മുടെ വിദ്യാലയത്തിന്‍റെ 
ഉയര്‍ച്ചയ്ക്ക്       മുതല്‍ കൂട്ടാണ്.
പാര്‍വ്വതിയേ പോലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വിദ്യാലയത്തിന്‍റെ അഭിമാനമാകാന്‍ ശ്രമിക്കണം.പാര്‍വ്വതിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് ഉപഹാരം സ്വീകരിക്കാന്‍ വേണ്ടി പാര്‍വതിയെ വേദിയിലേക്ക് ക്ഷണിക്കുന്നു.”

     പത്താം തരത്തില്‍ നിന്നും ഉന്നത വിജയം നേടി  വിദ്യാലയത്തിന്‍റെ അഭിമാനമായിരിക്കുകയാണ് പാറു. ഇന്ന് അവളുടെ ആ വിജയം ആഘോഷിക്കുകയാണ് വിദ്യാലയം.

പാറു ആദ്യമായിട്ടാണ് സ്റ്റേജില്‍ കയറുന്നത്, അതിന്റെ പരിഭ്രമം ആ മുഖത്ത് കാണാമായിരുന്നു.സദസ്സില്‍ നിന്നും സഹപാടികളുടെ കയ്യടി ആര്‍പ്പുവിളികളും തുടങ്ങി.

  അവള്‍ ഹൃദയമിടിപ്പോടെ  സ്റ്റേജില്‍ കയറി.
 ഉപഹാരം എറ്റുവാങ്ങി തിരിച്ച് അവളുടെ ഇരിപ്പിടത്തിലേക്ക് നടന്നു.
അവള്‍ തനിക്ക് ലഭിച്ച ഉപഹാരം സസൂക്ഷമംനോക്കികോണ്ടിരുന്നു.

   മരത്തടി കൊണ്ട്  നിര്‍മ്മിച്ച പുസ്തകത്തിന്‍റെയും  പേനയുടെയും രൂപമായിരുന്നു അത്.ഒപ്പം അതില്‍ തന്‍റെ ഫോട്ടോയും പതിച്ചിട്ടുണ്ട്.
അവളുടെ ശ്രദ്ധ അതില്‍ തന്നെയായിരുന്നു.
കാരണം  അതിന് ചുറ്റും  മിന്നാമിനുങ്ങുകള്‍ വന്ന്നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി . അപ്പോഴും അവളുടെ പേര് വിളിച്ച് കൊണ്ട് സദസ്സില്‍ നിന്നും കുട്ടികള്‍ കരഘോഷത്തോടെ അഭിനന്ദനപ്രവാഹങ്ങള്‍ തുടര്‍ന്നു.

 അന്ന് രാത്രി ഏറെ വൈകിട്ടും  അവള്‍ക്ക് ഉറക്കം വന്നില്ല. ആ സദസ്സിലെ കയ്യടിയും ആര്‍പ്പു വിളികളും കാതില്‍ അലയടിച്ച് കൊണ്ടിരുന്നു. ആ  സമയത്താണ് മിന്നാ മിനുങ്ങുകള്‍ അവളുടെ മുന്നിലേക്ക് വന്നത്. പാറു അവരെ കണ്ടപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു.

"വരു...വരു..എവിടെയായിരുന്നു ഇത്രയും നേരം...നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പരിഭവത്തോടെ ചോദിച്ചു. ഉടനെ പരിഭവം മറന്ന് അവള്‍ വാചാലയായി.
ഇന്നത്തെ ദിവസത്തെ ഞാന്‍ മറക്കില്ല..അത്രയും സുന്ദരമായ ഒരു ദിവസമായിരുന്നു.
''നിങ്ങള്‍ക്കറിയോ ഇന്ന് എനിക്ക് ഒരു സമ്മാനം കിട്ടി '' 

അവള്‍ തനിക്ക് കിട്ടിയ സമ്മാനം അവര്‍ക്ക് മുന്നില്‍ വച്ചു

''ഇത് സമ്മാനിച്ചത്‌ നിങ്ങളാണ്.

ഇതിന്‍റെ അവകാശികള്‍ നിങ്ങളും കൂടിയാണ്
നിങ്ങളില്ലായിരുന്നെങ്കില്‍ ഈ വിജയം എനിക്ക്നേടാന്‍ സാധിക്കുമായിരുന്നില്ല."

ശരിയാണ് പാറുവിന്‍റെ  ഈ വിജയത്തിന്‍റെ  ഒരു പങ്ക്
ആ മിന്നാമിനുങ്ങുകള്‍ക്കും കൂടിയുള്ളതാണ്. 

അതിനൊരു കാരണവും ഉണ്ട്.

അച്ഛനും അമ്മയ്ക്കും പാറു എക മകളാണ്.ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്.

വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഒരു പ്രദേശത്താണ് പാറുവിന്‍റെ വീട്.
തുച്ചമായി കിട്ടുന്ന റേഷന്‍ മണ്ണെണ്ണയില്‍ നിന്നാണ് ആ കൊച്ചുവീട്ടിനകത്ത് വെളിച്ചം പകരുന്നത്.

പാറു എന്നും പഠിക്കാന്‍ ഇരിക്കുമ്പോള്‍ മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് അവളുടെ മുറിയില്‍  വട്ടമിട്ട് പറക്കുന്നത് പതിവാണ്.
പതിവ് പോലെ അന്നും മണ്ണെണ്ണ വിളക്കുമായി അവള്‍ പഠിക്കാനായി ഇരുന്നു.
ആ  സമയം  ഓലപ്പുരയുടെ ജാലകത്തില്‍ കുടി തണുത്ത കാറ്റിനോടൊപ്പം ഒരു മിന്നാമിനുങ്ങ് വന്ന് അവള്‍ക്ക് ചുറ്റും വട്ട മിട്ട് പറക്കാന്‍ തുടങ്ങി.
ആദ്യം അവള്‍ അത്ര കാര്യമായി ശ്രദ്ധിച്ചില്ല.

വിണ്ടും അവള്‍ക്ക്  ചുറ്റും പറന്ന്  അവളുടെ പൂസ്തകത്തില്‍ വന്ന് ഇരുന്നു.അപ്പോഴാണ് അവള്‍ കണ്ടത്. ആദ്യ നോട്ടത്തില്‍ തന്നെ ആ മിന്നാമിനുങ്ങില്‍  ഒരു പ്രത്യേകത ഉള്ളത് പോലെ അവള്‍ക്ക്തോന്നി. അവള്‍ പുസ്തകം തന്‍റെ മുഖത്തിനു  നേരെ പിടിച്ച് അതിന്‍റെ  സൌന്ദര്യത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.

അവള്‍ തന്‍റെ  സൌന്ദര്യത്തില്‍ മയങ്ങിപ്പോയി എന്ന സന്തോഷത്തില്‍ ആ മിന്നാമിനുങ്ങ് വീണ്ടും അവള്‍ക്ക് ചുറ്റും പറക്കാന്‍ തുടങ്ങി  ആ പറക്കലിനിടയില്‍ അശ്രദ്ധ കാരണം  മണ്ണെണ്ണ വിളക്കിന്‍റെ മുകളിലുടെയായിരുന്നു പറയുന്നത്.
അപകടം മാനസ്സിലാക്കിയ പാറു മണ്ണെണ്ണ വിളക്ക് ഊതികെടുത്തി. ഭാഗ്യവശാല്‍ അതിന് ഒന്നും സംഭവിച്ചില്ല. ഇരുട്ടായിരുന്ന ആ മുറിയില്‍ അപ്പോള്‍ മിന്നാമിനുങ്ങിന്‍റെ വെളിച്ചം മത്രമായിരുന്നു. ആ ഇരുട്ടത്ത് അവള്‍ അതിന്‍റെ  മിന്നിമറിയുന്ന വെളിച്ചം ആസ്വദിച്ചു കൊണ്ടിരുന്നു.അങ്ങിനെ സമയം എറെയായി. അവള്‍ പതിയേ ഉറക്കത്തിലേക്ക് പോയി.....


കുറേ നേരത്തിനു ശേഷം...


ഉറക്കത്തിനിടയില്‍ അവള്‍ക്ക് തന്‍റെ കണ്‍പോളകള്‍ക്ക്മുന്നിലൂടെ വെളിച്ചം മിന്നിമറയുന്നത് പോലെ തോന്നി.അവള്‍ കണ്ണുകള്‍ പതുക്കെ തുറന്നു.അത് കണ്ട അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മുറിക്കകത്ത് ചുറ്റും ഒരുപാട് മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് നില്‍ക്കുന്നു. വീടിന്‍റെ  അകം മുഴുവന്‍ മണ്ണെണ്ണ വിളക്കിനേക്കാളും പ്രകാശം പരത്തി ആ മിന്നാമിനുങ്ങുകള്‍. അവള്‍ ചുറ്റിലും നോക്കി , ഓലച്ചുവരിന്‍റെ ഒരു വിടവ് പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. എല്ലാം മിന്നാമിനുങ്ങുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനിടയില്‍ ഒരു മിന്നാമിനുങ്ങ് അവള്‍ക്ക് ചുറ്റും പറന്ന്  അവളുടെ പുസ്തകത്തില്‍ പോയി ഇരുന്നു. ആ പുസ്തകമെടുത്ത് ആ മിന്നാമിനുങ്ങിനോട്  പറഞ്ഞു

''അപ്പോള്‍ നീയാണ് ഇവരെ കൂട്ടികൊണ്ട് വന്നത് അല്ലേ''

അവള്‍ ചിരിച്ചു കൊണ്ട് അവരുടെ ആ വെളിച്ചത്തില്‍ പഠനം തുടര്‍ന്നു. പിന്നിടുള്ള എല്ലാ ദിവസവും അവള്‍ പഠിക്കാന്‍ ഇരിക്കുന്ന സമയം മിന്നാമിനുങ്ങുളെല്ലാം ആവീട്ടില്‍ വരവ് പതിവാക്കി ഒപ്പം വെളിച്ചം കൊണ്ട് ആ വിട് അലങ്കരിക്കുകയും പാറുവിനു  വെളിച്ചം നല്‍കി സഹായിക്കുകയും ചെയിതു.

അവര്‍ ഇന്നും പതിവ് തെറ്റിച്ചില്ല  അവര്‍ വന്ന് വെളിച്ചം പകരുകയും പാറുവിന്  കിട്ടിയ ഉപഹാരത്തിനു  ചുറ്റും പാറിക്കളിച്ച് നൃത്തം ചെയ്തുകൊണ്ടിരുന്നു. അവള്‍ അത് കണ്ട്കൊണ്ട് അവരോടൊപ്പം കൂടുകയും ചെയുതു ...പതിയെ അവള്‍ ഉറക്കത്തിലേക്ക് പോയി...അവള്‍ ഉറങ്ങിയെന്നു മനസ്സിലായ മിന്നാമിനുങ്ങുകള്‍ അവരുടെ യാത്ര തുടര്‍ന്നു...ലോകത്തെ തങ്ങളുടെ വെളിച്ചം കൊണ്ട് അലങ്കരിക്കാന്‍...




Monday, June 1, 2015

അക്ഷരമുറ്റം മിഴി തുറന്നു

അക്ഷരമുറ്റം  മിഴി തുറന്നു
ഇനിയുള്ള  നാളുകള്‍
അക്ഷരങ്ങള്‍ കൊണ്ട്  കളിച്ചും ചിരിച്ചു
ഒപ്പം കരഞ്ഞും
അക്ഷരമുറ്റം ഉത്സവലഹരിയിലാകും.
പുതിയ നല്ല സൗഹൃദങ്ങള്‍ ജനിക്കും
പഴയത് വിണ്ടും പുനര്‍ജനിക്കും
പിരിഞ്ഞ  സൗഹൃദങ്ങളെ ഓര്‍ത്തു വിതുമ്പും
അധ്യാപക വിദ്യര്‍ത്ഥികള്‍ക്കിടയില്‍-
പുതിയ ആത്മബന്ധങ്ങള്‍ പൂവിടും
അധ്യാപകര്‍ ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങള്‍
ഒരേ സ്വരത്തില്‍ ചൊല്ലിപഠിക്കും
പുത്തന്‍ കുടയുടെയും ബാഗിന്‍റെയും
വിശേഷങ്ങളും ഭംഗിയും പങ്കുവയ്ക്കും
മധുരങ്ങള്‍ പങ്കിട്ടുകഴിക്കും
തോളോട് തോള്‍ ചേര്‍ന്ന് നടക്കും
വെയിലിലിം മഴയിലും മഴവെള്ളത്തിലും
തുള്ളിച്ചാടിയും പരസ്പരം മഴവെള്ളം തെറിപ്പിച്ചും
അവര്‍ അക്ഷരമുറ്റത്തേക്ക് ഒന്നിച്ചു ഓടി ചെല്ലും
എനിയുള്ള നാളുകള്‍ അക്ഷരമുറ്റം
ഉത്സവലഹരിയിലാണ്.
വിദ്യാഭ്യാസം എന്ന മഹത്തായ മധുരം നുകരാന്‍,
അവര്‍ ഒരേ സ്വരത്തില്‍ പഠിച്ചും കളിച്ചും ചിരിച്ചും
ആ അക്ഷരമുറ്റം ഉത്സവലഹരിയിലാക്കും.
ഭാവിയില്‍ ഓര്‍ത്തു വെക്കാന്‍
അങ്ങനെ ഒരുപാടു കാര്യങ്ങള്‍.............
ഉസ്കൂള്ള്  പോന്ന എല്ലാ പുള്ളര്‍ക്കും എന്‍റെ  ആശംസകള്‍  
നിങ്ങള്‍ പഠിച്ച് നാടിനും വീടിനും ഒരു നല്ല മുതല്‍ കൂട്ടാവട്ടെ....


Wednesday, January 21, 2015

കാട്ടിലെ താരം



''വയറ്റില്‍ എന്തെങ്കിലും ചെന്നിട്ട് രണ്ടു ദിവസമായി,
വല്ലാത്ത വിശപ്പ്‌.അകത്താക്കാന്‍ പറ്റിയ ഒരു ഇരയെപ്പോലും കാണുന്നില്ല''
വിശപ്പ്‌ സഹിക്കാന്‍ പറ്റാതെ  പാതി അടഞ്ഞ കണ്ണുമായി മരത്തിന്‍റെ താഴ്ന്ന കൊമ്പില്‍ ചുരുണ്ടുകൂടി ഇരിക്കുകയാണ് പേരുങ്കന്‍ പെരുമ്പാമ്പ്‌.
   ആ സമയം  അത് വഴി  മൂളിപ്പാട്ടും ചുളംവിളിയുമായി  മണിയന്‍ ചുണ്ടെലി  വരികയായിരുന്നു...
      വിശന്ന് തളര്‍ന്ന് ഉറങ്ങിപ്പോയ പെരുങ്കന്‍റെ ചെവിയില്‍ ആ ചൂളം വിളി പതിഞ്ഞു.ഉടനെ ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്നുനോക്കി.ചുളം വിളി കേട്ട ഭാഗത്തേക്ക് തന്‍റെ  തല പതിയെ തിരിച്ചു.
     ''അതാ...  ഒരു ചുണ്ടെലി ... ''
പെരുങ്കന്‍റെ  വായില്‍ വെള്ളമൂറി
''ഇന്ന് ഇവന്‍ മതി ,പകുതി വിശപ്പെങ്കിലും അടങ്ങുമല്ലോ''
മുകളില്‍ തന്നെ ഒരാള്‍ നോക്കുന്നുണ്ടെന്ന്  അറിയാതെ  മണിയന്‍  ''ബുക്കാല...ബുക്കാപൂല ....ഞാന്‍ മണിയന്‍ ....''
എന്ന പാട്ടും പാടിക്കൊണ്ട് നടത്തം തുടര്‍ന്നു.
പെരുങ്കന്‍  മരത്തില്‍ നിന്നും പതിയെ താഴെ ഇറങ്ങി 
പിറകെ ശബ്ദമുണ്ടാക്കാതെ  ചെന്നു..
അങ്ങിനെ ഒരുപാട് ദൂരം നടന്ന  മണിയന്  ഒരു സംശയം.
തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് .
മണിയന്‍ നടത്തത്തിന്‍റെ  വേഗത കുറച്ച് പിറകിലേക്ക് തിരിഞ്ഞു നോക്കി മുന്നോട്ടു നടന്നു.
''ആരെയും കാണുന്നില്ലല്ലോ ....ആ.... എനിക്ക് തോന്നിയതാകും.'' 
തല  ചൊറിഞ്ഞു കൊണ്ട്  പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ് മുന്നോട്ട് നടന്നു.
   ഠിം ... എന്‍റെമ്മേ..... പെരുങ്കന്‍ കെണിയായി വെച്ച  തന്‍റെ  വാല്‍  തട്ടി  മണിയന്‍ താഴെവീണു.  
എഴുന്നെക്കാന്‍  ശ്രമിക്കുമ്പോള്‍ മുന്നില്‍ നിന്നും ഒരു അനക്കം. 
തല ഉയര്‍ത്തി നോക്കിയാ  മണിയന്‍ അത് കണ്ട്  ഞെട്ടി....
അയ്യോ ....പെ ...പെ...പെരുങ്കന്‍.... 
മണിയന്‍ പേടിച്ച്‌ വിറക്കാന്‍ തുടങ്ങി...
അപ്പോഴേക്കും  പെരുങ്കന്‍  മണിയന് ചുറ്റും വളഞ്ഞു കഴിഞ്ഞിരുന്നു.
''രണ്ട് ദിവസമായി  എന്തെങ്കിലും അകത്താക്കിയിട്ട്....ഇന്ന് എനിക്ക് നിന്നെ മതി....'' 
ചിരിച്ചു കൊണ്ട്  വാ തുറന്ന് അവന് നേരെ അടുത്തു.
മണിയന്‍ ഉറക്കെ നിലവിളിക്കാന്‍  തുടങ്ങി ''അയ്യോ....രക്ഷിക്കണേ...എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ ....''
''ഇല്ല നിന്നെ ഇവിടെ ആരും രക്ഷിക്കാന്‍ വരില്ല.''
പെരുങ്കന്‍ അട്ടഹസിച്ചു കൊണ്ട് പറഞ്ഞ് അവന് നേരെ അടുത്തു .

      ക്യാരറ്റ് തിന്നുകൊണ്ടിരിക്കുകയായിരുന്ന ചിന്നന്‍ മുയല്‍  ആ നിലവിളി കേട്ടു.   
ആരാണത്  നിലവിളിക്കുന്നെ ...എന്തോ ആര്‍ക്കോ  ആപത്തു സംഭവിച്ചിരിക്കുന്നു.പിന്നെ ഒട്ടും താമസിച്ചില്ല .ചിന്നന്‍ ശബ്ദ കേട്ട ഭാഗത്തേക്ക് ശരവേഗത്തില്‍ ഓടി.
സംഭവസ്ഥലത്ത് എത്തിയ ചിന്നന്‍ ആ കാഴ്ച കണ്ട്  ഒന്ന് സ്തംബിച്ചു നിന്നു
''ഒരു ചുണ്ടെലി പെരുങ്കന്‍റെ  വലയില്‍ അകപ്പെട്ടിരിക്കുന്നു .
''അവനെ രക്ഷിക്കണം...എങ്ങിനെ....എന്‍റെ ശക്തിയേക്കാള്‍  പത്തിരട്ടി ശക്തി അവനിക്കുണ്ട് ... ''
എന്ത് ചെയ്യണം എന്നറിയാതെ ചിന്നന്‍ ചുറ്റും നോക്കി 
അപ്പോഴാണ് ചിന്നന്‍ ആ കാഴ്ച കാണുന്നത്....
ആ സംഭവ സ്ഥലത്ത് എല്ലാം കണ്ട് കൊണ്ട് ഒരുപാട് പേര്‍ നില്‍ക്കുന്നു.ഒരാള്‍ പോലും അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല .
എല്ലാം കൂടി ആയപ്പോള്‍  ചിന്നാണ് ദേഷ്യവും സങ്കടവും  കൂടി വന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല . തന്‍റെ കൈയ്യിലിരുന്ന ക്യാരറ്റ്  പെരുങ്കനു നേരെ  അലറി വിളിച്ചു കൊണ്ട് ശക്തിയായി  വലിച്ചെറിഞ്ഞു.
''പെരുങ്കാ.......................''
ചിന്നന്‍റെ  ആ വിളി പെരുങ്കന്‍റെ  ചെവിയും ശരിരത്തെയും ഞെട്ടിച്ചു. വിളികേട്ട  അവന്‍  തിരിഞ്ഞു നോക്കി 
തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ എന്തോ ഒന്ന് പാഞ്ഞു വരുന്നതെ  കണ്ടുള്ളൂ അത് എന്താണെന്ന് അറിയുന്നതിന് മുന്നേ ക്യാരറ്റ് പെരുങ്കന്‍റെ തലയില്‍ ശക്തിയായി വന്നിടിച്ചു...
ഇടിയുടെ  ആകാതത്തില്‍ പെരുങ്കന്‍  ബോധംകെട്ടു വീണു .
പെരുങ്കന്‍റെ  കയ്യില്‍ നിന്നും രക്ഷപെട്ട മണിയന്‍ ചിന്നന്‍റെ  അടുത്തേക്ക് ഓടി...
''വളരെ നന്ദിയുണ്ട് സുഹ്രുത്തേ...എന്നെ രക്ഷിച്ചതിന്... വളരെ നന്ദി ''
''ചിന്നന്‍ അതാണ്‌ എന്‍റെ പേര് ''
''ഞാന്‍ മണിയന്‍ ...ചിന്നാ ... ഇനി മുതല്‍ നിയാണ് എന്‍റെ നല്ല സുഹൃത്ത്.....''
ചിന്നന്‍ ചിരിച്ചു  കൊണ്ട് മണിയന്‍റെ തോളില്‍ കയ്യിട്ട് തന്‍റെ അരികിലേക്ക്  ചേര്‍ത്ത് പിടിച്ചു ... 
ചിന്നന്‍  അവിടെ കൂടിയിരുന്ന എല്ലാവരെയും പുച്ഛത്തോടെ നോക്കികൊണ്ട്‌ 
മണിയനെയും കൂട്ടി നടന്നു പോയി...
ബോധം തെളിഞ്ഞ  പെരുങ്കന്‍ ഇടിയുടെ വേദനയും വിശപ്പും സഹിച്ച് വീണ്ടും മരത്തിലേക്ക് വലിഞ്ഞുകയറി... 
മരത്തിന്‍റെ  കൊമ്പില്‍ ചുരുണ്ടുകൂടി അടുത്ത ഇരയെ പിടിക്കാനായി കാത്തിരിക്കുന്നു....

                                                              .......തുടരും......

Saturday, December 13, 2014

വിശപ്പ്‌


വസാനത്തെ വറ്റും  ആ പാത്രത്തില്‍നിന്നും 
പെറുക്കിയെടുത്ത് അയാള്‍ തന്‍റെ ചുണ്ടോട് ചേര്‍ത്ത് 
നാവു കൊണ്ട് വായിലേക്ക് വലിച്ചെടുത്തു.
അപ്പോഴേക്കും മുതലാളി കൂടുതല്‍ പാത്രങ്ങളുമായി 
അയാളുടെ അടുത്തേക്ക് വന്നു 
"വേഗം കഴുകി വൃത്തിയാക്ക്...എന്നിട്ട് തരാം ഭക്ഷണം "
എന്നാല്‍ ആമാശയം വിശപ്പിന്‍റെ കാഹളം മുഴക്കിക്കൊണ്ടെയിരുന്നു..
അയാള്‍ ആ പാത്രങ്ങളെല്ലാം വേഗത്തില്‍ കഴുകി വൃത്തിയാക്കികൊണ്ടിരുന്നു...

Monday, September 1, 2014

ബാല്യത്തിലെ ഓണം

    വീണ്ടും ഒരോണം വരുമ്പോള്‍,
ഓര്‍മ്മകളുടെ ബാല്യത്തില്‍,
കുന്നിന്‍ ചെരുവുകളിലെ
പ്രകൃതിയുടെ പൂന്തോട്ടത്തില്‍ നിന്നും,
നുള്ളിയെടുത്ത പൂക്കള്‍
കൂട്ടുകാരോന്നിച്ച് വട്ടത്തില്‍ പൂക്കളം വരച്ചതും ,
     
        വീട്ടിലെ വാഴക്കുമ്പിളില്‍ ,
ഉമ്മയുടെ രുചികൂട്ടില്‍ തീര്‍ത്ത -
വേണ്ടക്കക്കറിയും കാബേജ് കറിയും,
ചോറും കൂട്ടിന് ഉപ്പേരിയും ചേര്‍ത്ത് കഴിച്ചതും
     
        ന്ധ്യയുടെ യാമങ്ങളില്‍ കുന്നിന്‍ ചെരുവുകളിലെ
അതിഥികളായ പൂമ്പാറ്റകളെയും തുമ്പികളെയും
ഓടിചാടി ചെന്ന് കരവലയത്തിലാക്കിയതും
 കഴിഞ്ഞ ബാല്യത്തിലെ ഓണനാളുകളിലായിരുന്നു.

      പ്രവാസത്തിന്‍റെ രണ്ടാമൂഴത്തില്‍
ഈ ഓര്‍മ്മകള്‍ മാത്രമാണ്
ഈ ഓണത്തിന് കൂട്ട്....


എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

Related Posts Plugin for WordPress, Blogger...