Wednesday, December 2, 2015

കുഞ്ഞിക്കിളി


     സൂന്ദരമായ ഒരൂ കാട് ,പലതരം പക്ഷികള്‍ ,മൃഗങ്ങള്‍,പൂമ്പാറ്റകള്‍.അരുവികള്‍.വലിയ വലിയ മരങ്ങള്‍,സുന്ദരമായ പൂക്കള്‍ ഉള്ള ചെടികള്‍...തുമ്പികള്‍...അങ്ങനെ ഒരുപാട്   ജീവികള്‍ അതിവസിക്കുന്ന ഒരു സുന്ദരമായ ഒരു കാട്.

ആ കാട്ടില്‍ ഏറ്റവും പഴക്കം ചെന്ന ഒരു വയസ്സന്‍  മരമുണ്ട് . ആ മരത്തിന്‍റെ ഒരു ചില്ലയ്ക്ക്  മുകളിലെ  മാളത്തില്‍  ഒരു കിളികുടുംബം കൂട്കെട്ടി താമസിച്ചിരുന്നു.
അമ്മക്കിളിയും അച്ഛന്‍കിളിയും ഒരു കുഞ്ഞിക്കിളിയും അടങ്ങുന്നതാണ് കുടുംബം. 

കുഞ്ഞിക്കിളിക്ക് പറക്കാന്‍ പ്രായമാവാത്തത് കൊണ്ട്  അമ്മക്കിളിയും അച്ഛന്‍കിളിയും അവനെ തനിച്ചാക്കിയാണ് ഭക്ഷണം തേടിപോകുന്നത്.
അവര്‍ ഭക്ഷണവുമായി തിരിച്ചു വരും വരെ അവന്‍ പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കും.

പക്ഷികള്‍ പറന്നുയരുന്നതും,
പറക്കാന്‍ പക്ഷികുഞ്ഞുങ്ങള്‍ പരിശ്രമിക്കുന്നതും,
പറക്കാന്‍ പ്രായമായ പക്ഷികുഞ്ഞുങ്ങള്‍ പറന്ന് ചിരിച്ച് കളിക്കുന്നതും
പൂമ്പാറ്റകളും തുമ്പികളും പറന്നു പോകുന്നതും അങ്ങിനെ എല്ലാം.

ഇതൊക്കെയാണെങ്കിലും  കുഞ്ഞിക്കിളിക്ക് ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളു,
തന്‍റെ കൂടപ്പിറപ്പിനെ ഓര്‍ത്ത്,
കൂട്ടിനിരിക്കാനും കൂടെ കളിക്കാനും ആ കൂടപ്പിറപ്പില്ലല്ലോ എന്നൊരു സങ്കടം.

മുട്ടയായിരുന്നകാലത്ത് അമ്മയും അച്ഛനും ഭക്ഷണം തേടിപോയപ്പോള്‍ പാമ്പന്‍മാളത്തില്‍ നിന്നും ഉഗ്രവിഷമുള്ള മൂര്‍ഖന്‍പാമ്പ് വന്ന് കൂടപ്പിറപ്പുണ്ടായിരുന്ന മുട്ട ആ മൂര്‍ഖന്‍പാമ്പ് വിഴുങ്ങുകയായിരുന്നു.

കുഞ്ഞിക്കിളി ഉണ്ടായിരുന്ന മുട്ടയേയും വിഴുങ്ങാന്‍നേരം അമ്മയും അച്ഛനും  എത്തുകയും പാമ്പിനെ കൊത്തി ഓടിക്കുകയും ചെയതു.
അത് അച്ഛനും അമ്മയ്ക്കും സഹിക്കുന്നതിലും അപ്പുറമായിരുന്നു.

അന്ന് മുതല്‍ കുഞ്ഞിക്കിളിക്ക് സുന്ദരമായ രൂപവും ആരോഗ്യവും വരും വരെയും അച്ഛനോ അമ്മയോ കൂട്ടിനുണ്ടാകും. 
കൂടിനു പുറത്തിറങ്ങരുത് എന്ന അച്ഛന്‍റെയും അമ്മയുടെയും നിര്‍ദേശമുള്ളതിനാല്‍ പുറം കാഴ്ചകളും കണ്ട് കൂട്ടില്‍ തന്നെ ഇരുന്നു.
എന്നാല്‍ മനസ്സിലെ പറക്കാനുള്ള ആഗ്രഹം കൂടികൂടി വന്നു..... 
അയല്‍പക്കത്തുള്ള കുഞ്ഞിക്കിളികളോടൊപ്പം പറന്നുകളിക്കാനും അവനിക്കു അതിയായ ആഗ്രഹം ഉണ്ടായി.
തുമ്പികളെ പോലെയും പൂമ്പാറ്റകളെ പോലെയും പറക്കാന്‍ അവന്‍റെ മനസ്സു വെമ്പല്‍ കൊണ്ടു. 
പക്ഷേ അച്ഛന്റെയും അമ്മയുടെയും പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം അവനെ ആ ആഗ്രഹത്തില്‍ നിന്നെല്ലാം പിന്തിരിപ്പിച്ചു.

അങ്ങിനെ ദിവസങ്ങള്‍ കടന്നുപോയി...
കുഞ്ഞിക്കിളി കുറച്ചും കൂടി വളര്‍ന്നു..ഒപ്പം അവന്‍റെ പറക്കാനുള്ള ആഗ്രഹവും ..


പതിവുപോലെ അന്നും അമ്മക്കിളിയും അച്ഛന്‍ക്കിളിയും ഭക്ഷണം തേടി പുറത്തേക്ക് പോയി.
പുറത്തിറങ്ങരുത് എന്ന പതിവ്   നിര്‍ദേശവും നല്‍കിയാണ്‌ അവര്‍ യാത്രയായത് 

എന്നാല്‍ അവന്‍റെ പറക്കാനുള്ള മോഹം ആ നിര്‍ദേശങ്ങളെ അവഗണിച്ച്  കൂടിനു വെളിയില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചു 
അങ്ങിനെ ആദ്യമായി അവന്‍ കൂടിനു വെളിയിലേക്ക് ഇറങ്ങി.
ആ ചുറ്റുപാടും ഒന്ന് വീക്ഷിച്ച് കുഞ്ഞു ചിറകുകള്‍ ഒന്ന്  വിടര്‍ത്തി  സന്തോഷം കൊണ്ട് ഉച്ചത്തില്‍ സബ്ദമുണ്ടാക്കി.
കണ്ണുകള്‍ പതിയേ അടച്ച്  ശ്വാസം മെല്ലെ വലിച്ച്  ആ സ്വാതന്ത്യം വേണ്ടുവോളം ആസ്വതിച്ചു.
                                                           
                                                                     .................................
                                                  

കുഞ്ഞിക്കിളിയുടെ ആ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആ രണ്ടു കണ്ണുകള്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞു.
അത്   പരുന്തന്‍കാട്ടിലെ ശക്തനായ  ഒരു പരുന്തായിരുന്നു  .
ഒരു കുഞ്ഞിക്കിളി കൂടിനു വെളിയില്‍ നില്‍ക്കുന്നത് കണ്ടു ഉടനെ ആ ഭാഗത്തേക്ക് ശബ്ദമുണ്ടാക്കാതെ പറന്ന്  ആ വയസ്സന്‍ മരത്തിന്‍റെ തൊട്ടടുത്ത മറ്റൊരു മരത്തില്‍ പറന്നിറങ്ങി കുഞ്ഞിക്കിളിയുടെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കി നിന്നു.

തന്‍റെ കുഞ്ഞുചിറക് ഒന്ന് ചെറുതായി വീശി നോക്കി.
ആദ്യം ഒന്ന് പിഴച്ചത് കാരണം മരകൊമ്പില്‍ നിന്നും കല്‍ വഴുതി.
ഭാഗ്യം കൊണ്ട് തഴേക്ക്‌ വിണില്ല.
പറക്കാനുള്ള അവന്‍റെ മോഹത്തെ ആ വിഴ്ച തടഞ്ഞു നിര്‍‍ത്തിയില്ല 
ഒന്നും കൂടി ശ്രമിച്ചു നോക്കി പക്ഷേ സാധിച്ചില്ല.

കുറേനേരത്തെ പരിശ്രമത്തിനു ശേഷം വിണ്ടു ഒരിക്കല്‍ കൂടി തന്‍റെ ചിറകുകള്‍ വായുവില്‍ ശക്തിയായി വിശി,
തന്‍റെ ആഗ്രഹം പോലെ കുഞ്ഞിക്കിളി വായുവില്‍ പറന്നുയര്‍ന്നു.
പതിയെ പതിയെ കുഞ്ഞു ചിറകുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും  വായുവില്‍  പറന്നു പൊങ്ങി ആ  വയസ്സന്‍ മരത്തിനു ചുറ്റും പറന്നു കളിച്ചു ,
പറക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ എല്ലാം മറന്നു ദൂരേക്ക്‌ കൂട് വിട്ട് ഒരുപാട് ദൂരം പറന്നു .

ഈ സമയമത്രയും  ഈ കാഴ്ചകളൊക്കെ കണ്ട് തൊട്ടപ്പുറത്തെ മരത്തില്‍ ഇരുന്ന പരുന്ത്
ഒരു വേട്ടക്കാരന്റെ കൌശല ബുദ്ധിയോടെ കണ്ണും കാതും നഖവും  വേട്ടക്ക്  വേണ്ടി  ഒരുക്കി   
ആ വലിയ ചിറകുകള്‍ വിശി കുഞ്ഞിക്കിളിക്ക് പിന്നാലെ പറന്നു.

അവന്‍  ആ സമയം പറന്ന് ഉല്ലസിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് പിറകില്‍ നിന്നും വലിയ ചിറകടിയുടെ ശബ്ദം കേട്ടത്.
കുഞ്ഞിക്കിളി പിറകിലേക്ക് നോക്കി. 

''അയ്യോ...പരുന്ത് ''

അവന്‍ പേടിച്ച് തന്‍റെ കുഞ്ഞു ചിറകുകള്‍ ശക്തിയായി വിശിയടിച്ചു.
ഏതു വഴിയെ സഞ്ചരിക്കാന്‍ പറ്റുമോ അതിലൂടെയൊക്കെ അവന്‍ വേഗത്തില്‍ പറന്നു  , പിറകെ പരുന്തും.

അങ്ങിനെ ഒരുപാട് ദൂരം കടന്നുപോയി,
കുഞ്ഞിക്കിളിക്ക് തന്‍റെ ചിറകുകള്‍ തളരുന്നത് പോലെ തോന്നി എന്നാലും ചിറകുകള്‍ ശക്തിയായി വിശി പറന്നു.
പിറകെ പരുന്തും, ഈ  കാഴ്ചകള്‍ കണ്ട് മറ്റു പക്ഷികള്‍ പേടിച്ച് അവരുടെ കൂടുകളില്‍ ചേക്കേറി.

നിശബ്ദനായ മറ്റൊരു വെട്ടകാരന്‍ കൂടി കുഞ്ഞിക്കിളിയെയും പരുന്തിനേയും ആ സമയം നിരിക്ഷിക്കുന്നുണ്ടായിരുന്നു...
അത്  പാമ്പന്‍ മാളത്തിലെ കരിമൂര്‍ഖനായിരുന്നു...കരിമൂര്‍ഖന്‍റെ ലക്ഷ്യം ഒരിക്കല്‍ കൈവിട്ടുപോയ ആ കുഞ്ഞിക്കിളി ആയിരുന്നു...
                                                             
                                                               ....................................


ഈ സമയം പൊടുന്നനെ  ആകാശം കാര്‍മേഘങ്ങളാല്‍ ഇരുണ്ടു കൂടി കാട് മുഴുവന്‍ ഇരുട്ട് പരന്നു  പെട്ടന്ന് ശക്തമായ ഇടിയും മിന്നലും  പതിച്ചു ഒപ്പം ശക്തമായ കാറ്റും മഴയും . 

എന്നാല്‍  ആ മിന്നൽ   വന്ന് പതിച്ചത് കുഞ്ഞിക്കിളിയും പരുന്തും പറന്നു പോകുന്ന വഴിയിലൂടെ ആയിരുന്നു,അതിന്‍റെ ശക്തിയില്‍ കുഞ്ഞിക്കിളിയും പരുന്തും താഴെക്ക് പതിച്ചു, 
ആ വീഴ്ചയില്‍  രണ്ടു പേരും  ബോധരഹിതരായി. മഴയും കാറ്റും ശക്തമായി തുടര്‍ന്നു ,

ഒരുപാട് നേരത്തിനു ശേഷം മഴയുടെയും കാറ്റിന്‍റെയും  ശക്തി കുറഞ്ഞു.
ഇരുട്ട് പതിയേ വെളിച്ചത്തിന് വഴിമാറി ,
പതിയെ പതിയെ മഴ ശക്തി കുറഞ്ഞുവന്നു.പിന്നെ മഴ ചാറ്റല്‍ മഴയായി തുടര്‍ന്നു

മരചില്ലകളില്‍ നിന്നും ഇലകളില്‍ നിന്നും മഴതുള്ളികള്‍  കുഞ്ഞുചെടികളിലെ ഇലകളിലും ഒഴികിപോകുന്ന മഴവെള്ളത്തിലും പതിച്ച്  നാല്ലോരു സംഗീതവിരുന്ന് ആ ആന്തരികഷത്തില്‍ തീര്‍ത്തു.

മരകൊമ്പുകളിലെ കിളികൂടുകളില്‍ നിന്നും കിളികളുടെ ശബ്ദങ്ങള്‍ തുടര്‍ന്നു.അപ്രതിക്ഷിതമായി പെയിത മഴയില്‍ പല കിളികൂടുകളും തകര്‍ന്നു പോയി...ചില കുഞ്ഞുകിളികള്‍ ഇഹലോകം വെടിഞ്ഞു...മുട്ടകള്‍ തകര്‍ന്നു....ആ വേദനകമായ കാഴ്ചകള്‍ കണ്ട്  അന്നം തേടി പോയി വന്ന കിളികള്‍ക്ക്  സഹിക്കാന്‍ കഴിഞ്ഞില്ല ..അവര്‍ ഉച്ചത്തില്‍ അലമുറയിട്ടു കരഞ്ഞു....ഒരുപാട് നേരത്തെ കോലാഹലങ്ങള്‍ക്ക് ശേഷം കാട് ശാന്തമായി....

                                                             ...........................................


താഴേക്ക് വീണു ബോധം പോയ  കുഞ്ഞിക്കിളിക്ക് ബോധം തിരിച്ചുകിട്ടി.
ആകെപാടെ നനഞ്ഞിരിക്കുന്ന ചിറകും ശരീരവും ഒന്ന് കുടഞ്ഞു ശരിയാക്കി,
അപ്പോഴാണ്  കഴിഞ്ഞ നിമിഷത്തെ സംഭവങ്ങള്‍ അവന്‍റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓര്‍മ്മ വന്നത്
ഉടനെ ഭയപ്പാടോടെ ചുറ്റും നോക്കി.
എല്ലാം ശാന്തമായിരിക്കുന്നു.അപ്പോഴാണ് ആ പരുന്തിനെ കുറിച്ച്  ഓര്‍മ്മ  വന്നത്.


ഈ  സമയം  കരിമൂര്‍ഖന്‍ തന്‍റെ ലക്ഷ്യത്തിലേക്ക് യാത്ര പുറപ്പെട്ടു....


കുഞ്ഞിക്കിളി ചുറ്റും നോക്കി അതാ കിടക്കുന്നു  പരുന്ത് ,അവന്‍ പേടിച്ച് പിറകിലേക്ക് തന്‍റെ കുഞ്ഞു പാദങ്ങള്‍ ചലിപ്പിച്ചു. പൊടുന്നനെ ഒരു കല്ലില്‍ കാലുടക്കി താഴെ വീണു.
ഉടനെ എഴുന്നേറ്റു എന്ത് ചെയ്യണം എന്നറിയാതെ അവന്‍ ചുറ്റുപാടിനെയും  പരുന്തിനേയും വീക്ഷിച്ചു കൊണ്ടിരിന്നു.
തന്‍റെ കുഞ്ഞുഹൃദയമിടിപ്പ് തുടര്‍ന്നു,കാലുകളും ചിറകുകളും തണുത്തു വിറക്കാന്‍ തുടങ്ങി.

കുറച്ചു നേരം അവിടത്തെ  സ്ഥിതികതികള്‍ വീക്ഷിച്ചു,പിന്നെ പതിയെ പരുന്തിന്‍റെ അടുത്തേക്ക്  നടന്നു.
പരുന്തിനു അനക്കമില്ല,കുഞ്ഞിക്കിളി വിറയ്ക്കുന്ന ശരിരവുമായി പരുന്തിനു ചുറ്റും ഒരു ഭയപ്പാടോടെ നടന്നു,
തന്‍റെ കുഞ്ഞു ചിറകു കൊണ്ട്  പരുന്തിന്‍റെ ചിറകില്‍ ഒന്ന് തലോടി ഒപ്പം ശബ്ദമുണ്ടാക്കി , 
പക്ഷേ പരുന്ത് ഉണര്‍ന്നില്ല.
പരുന്ത്  മരിച്ചെന്ന്  കരുതി  കുഞ്ഞിക്കിളി  തിരിച്ച് പറക്കാന്‍ നേരം  പിറകില്‍ നിന്നും ചിറകടി കേട്ടു. ഉടനെ തിരിഞ്ഞു നോക്കി 

ആ സമയം  പരുന്തിന്  ബോധം തിരിച്ചുകിട്ടിഎഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുഞ്ഞിക്കിളി കുറച്ചു ദൂരം നിന്ന് പരുന്തിനെ തന്നെ വീക്ഷിച്ചു. പക്ഷേ പരുന്തിനു എഴുനേല്‍ക്കാന്‍ സാധിക്കുന്നില്ല ,

ആ വിഴ്ചയില്‍ പരുന്തിന്‍റെ ചിറകിനു പരിക്ക് പറ്റിയിരിക്കുന്നു, അവന്‍ കുറച്ചുംകൂടി അടുത്തേക്ക് നടന്നു.
എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പരുന്ത് ചിറകിന്‍റെ വേദന കാരണം അവിടെത്തന്നെ കിടന്നു,അവന്‍  കൂടുതല്‍ അടുത്ത് ചെന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ കുഞ്ഞിക്കിളി പരുന്തിനെ തന്നെ നോക്കി നിന്നു,
അപ്പോഴാണ് തൊണ്ട അനക്കുന്നതായി കണ്ടത്,
ഉടനെ മഴവെള്ളം നിറഞ്ഞ ഒരു കുഴിയില്‍ നിന്നും തന്‍റെ കുഞ്ഞുകൊക്കില്‍ ഒതുങ്ങുന്ന ജലം എടുത്ത് പരുന്തിന്‍റെ കൊക്കിലേക്ക് ഒഴിച്ചു കൊടുത്തു.
പരുന്ത് കണ്ണ് തുറന്നു നോക്കി ,പിന്നെ  മെല്ലെ  വാ തുറന്ന് ആ ജലം  അകത്താക്കി,അങ്ങിനെ അഞ്ചാറുവട്ടം അത് തുടര്‍ന്നു ,പരുന്തിനു വെള്ളം മതിയായപ്പോള്‍ കുഞ്ഞിക്കിളിയുടെ തലയില്‍ ചിറകുകൊണ്ടു തലോടി.

കുഞ്ഞിക്കിളി തല തിരിച്ച് പരുന്തിനെ തന്നെ നോക്കി.ക്ഷിണം കൊണ്ട് പരുന്ത് അവിടത്തന്നെ കിടന്നു.കുഞ്ഞിക്കിളി ഒരു മാലാഘയേപോലെ പരുന്തിന്‍റെ അടുത്ത് നിന്നു.

ഈ സമയം കരിമൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞ് ഇഴഞ്ഞ്  അവരുടെ അടുത്ത്എത്തി

                                                                         ..................................


ക്ഷിണം കൊണ്ട് കുഞ്ഞിക്കിളിയും ഒന്ന് കണ്ണടച്ചുപോയി .
മൂര്‍ഖന്‍ പാമ്പ് രണ്ടുപേരെയും മാറിമാറി നോക്കി,രണ്ടുപേരും നല്ല മയക്കത്തില്‍ ,
മൂര്‍ഖന്‍ പാമ്പ് മെല്ലെ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് നിങ്ങി .
ഒരു സ്വപ്നമെന്നപോലെ അനക്കം കേട്ട് കുഞ്ഞിക്കിളി ഞെട്ടി ഉണര്‍ന്നു ,

ദേ മുന്നില്‍ നില്‍ക്കുന്നു ഒരു ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ്. മൂര്‍ഖന്‍ പാമ്പിനെ  കണ്ടതും  കുഞ്ഞിക്കിളി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി,അപ്പോഴേക്കും മൂര്‍ഖന്‍ പാമ്പ് കുഞ്ഞിക്കിളിയുടെ ചിറകില്‍ പിടുത്തമിട്ടിരുന്നു.

ശബ്ദം കേട്ട പരുന്ത് ഉണര്‍ന്നു. കുഞ്ഞിക്കിളിയുടെ കുഞ്ഞുചിറക് മൂര്‍ഖന്‍ പാമ്പിന്‍റെ  വായില്‍ കണ്ട പരുന്ത് , എഴുന്നേറ്റ് പാമ്പിന്‍റെ തലയില്‍ തന്നെ കാലുകൊണ്ട്‌  തോഴികൊടുത്തു  അതോടെ  വേദനകൊണ്ട് പുളഞ്ഞ പാമ്പ് കുഞ്ഞിക്കിളിയേ പിടുത്തത്തില്‍  നിന്നും  പിടിവിട്ടു ,

പരുന്ത് പാമ്പിനെ കൊത്തി വലിക്കാന്‍ തുടഞ്ഞി ,പമ്പ് തിരിച്ച് ആക്രമിക്കാനും ,ഒരുപാട് നേരത്തെ അടിപിടിക്കു ശേഷം മൂര്‍ഖന്‍ പാമ്പ് പരുന്തില്‍നിന്നും രക്ഷപെട്ടു ഓടി എന്നാല്‍ പരുന്ത് പിറകെ ചെന്ന് പാമ്പിന്‍റെ  തലയില്‍ തന്നെ  പിടികൂടി. അതോടെ പാമ്പിന്‍റെ പകുതി ജീവന്‍ പോയി അനങ്ങാന്‍ പറ്റാതായി ,

പരുന്ത് ആകാശത്തേക്ക് നോക്കി ഉച്ചത്തില്‍ കരഞ്ഞു, ആ സമയം വലിയ ചിറകടി ശബ്ദത്തോടെ  ഒരുപാട് പരുന്തുകള്‍  അവിടേക്ക് പറന്നിറങ്ങി  ,അത് കണ്ടു കുഞ്ഞിക്കിളി പേടിച്ചു, ഉടനെ പരുന്ത് കുഞ്ഞിക്കിളിയേ തന്‍റെ ചിറകിനടിയിലേക്ക് പരുന്തുകള്‍ കാണാത്ത വിധം  ചേര്‍ത്ത് പിടിച്ചു ഒരു രക്ഷകനെപോലെ....

വന്ന പരുന്തുകള്‍ മൃതപ്രായമായ ആ മൂര്‍ഖന്‍പാമ്പിനെയും കൊണ്ട് പറന്നകന്നു.

പരുന്തുകള്‍ പറന്നകന്നപ്പോള്‍ ചിറകിനടിയില്‍നിന്നും കുഞ്ഞിക്കിളിയേ പുറത്തെടുത്തു.

കുറച്ചു നേരം കുഞ്ഞിക്കിളിയേ തിരിഞ്ഞു മറിഞ്ഞു നോക്കി .
കുഞ്ഞിക്കിളി പരുന്തിനേയും ഒരു അത്ഭുതത്തോടെ നോക്കിനിന്നു.
വലിയ ചിറകുകള്‍..വലിയ കൂര്‍ത്ത കൊക്കുകള്‍ ആരെയും ഭയപ്പെടുത്തുന്ന ശബ്ദം..
പിന്നെ ആരെയും കിഴ്പെടുത്താനുള്ള ശക്തി....
പരുന്ത്  ചിറകു കൊണ്ട് കുഞ്ഞിക്കിളിയുടെ തലയില്‍തലോടി, പിന്നെ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.

അപ്പോഴേക്കും അച്ഛനും അമ്മയും സംഭവങ്ങള്‍ അറിഞ്ഞ് അവിടേക്ക് പറന്നുവന്നു,
അവരെ കണ്ടതും  അവര്‍ക്ക് മുന്നിലും ഒരു ക്ഷമാപണം പോലെ തലതാഴ്ത്തി നിന്നു.

തുടര്‍ന്ന് പരിക്ക് പറ്റിയ ചിറകു ഒരുവിധം വിശി ആ പരുന്ത് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട്‌  ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു.
പരുന്തു പറന്നകലുന്നത് ഒരു അത്ഭുതത്തോടെ കുഞ്ഞിക്കിളി നോക്കി നിന്ന് .....ആ സമയം  അവന്‍റെ മനസ്സില്‍ ആ പരുതിനെ പോലെ പറക്കാനുള്ള മോഹവും ഉണര്‍ന്നു.....

അങ്ങിനെ കാലം കടന്നുപോയി കുഞ്ഞിക്കിളി ഒരു വലിയ കിളിയായി വളര്‍ന്നു എല്ലാവര്‍ക്കും എല്ലായിടത്തും ഒരു സഹായിയായി....ഒപ്പം ഒരുപാട് ദൂരം പറക്കാന്‍ കഴിവുള്ള ഒരു കിളിയായി മാറി......


                                                                     ,,,,,,,,,,,,,,,,,,,,,,,,,,,,

Tuesday, July 7, 2015

അര നോമ്പുകള്‍

പുണ്ണ്യങ്ങളുടെ പൂക്കാലമാണ്  റമളാന്‍ മാസം. കുട്ടിക്കാലത്ത് റംസാന്‍ തുടങ്ങിയാല്‍ പിന്നെ പെരുന്നാളിനായി കാത്തിരിപ്പാണ്,പുതിയ ഉടുപ്പിനായും  പെരുന്നാള്‍ കൈനീട്ടത്തിനും  ഉള്ള ഒരു കാത്തിരിപ്പ്‌ .എന്നാല്‍ കുട്ടിക്കാലത്തെ നോമ്പിന്‍റെ ആവേശം മറ്റൊന്നാണ്.

അത്തായത്തിനു എഴുനേല്‍ക്കുക നോമ്പ് തുറക്കാന്‍ നോമ്പ്കാരെക്കാള്‍ തൃതി കാണിക്കുക,നോമ്പ് നോക്കി  പകുതിക്ക് വെച്ച്  ആരും കാണതെ മുഖം കാഴുകാനെന്ന  വ്യാജേന  വെള്ളം കുടിക്കുക...അങ്ങനെപലതും....

അടുക്കളയിലെ ബഹളം കേട്ടായിരിക്കും ഉണരുക,സുബഹി ബാങ്ക് കൊടുക്കാന്‍ അഞ്ചു മിനിറ്റോ പത്തു മിനിറ്റോ ബാക്കി ഉണ്ടാകുമ്പോഴായിരിക്കും  വിട്ടുകാരുടെ ശബ്ദം കേട്ട് ഉണരുന്നത്. ഉറക്കം പോയിട്ടില്ലാത്ത തറക്കുന്ന കണ്ണുകള്‍ തിരുംമ്മികൊണ്ട് അടുക്കളയിലേക്ക്നടക്കും. അത് കണ്ട് സഹോദരിമാര്‍ പറയും

"ആ ആളെത്തി... "

തല ചൊരിഞ്ഞു കൊണ്ട് അവരെ നോക്കി നില്‍ക്കുമ്പോള്‍ ഉമ്മയുടെ ചോദ്യം

"നീ നോമ്പ് നോക്കുന്ന..."

സമ്മത ഭാവത്തില്‍ തലയാട്ടും

"പോയി പല്ല് തേച്ചു വാ,ഇപ്പം ബാങ്ക് കൊടുക്കും"

ഉടനെ ബാത്രൂമിലേക്ക് ഓടും, പല്ല് തേച്ചന്ന് വരുത്തി ഉടനെ മേശക്കരികിലെത്തും.

അപ്പോഴേക്കും ഉമ്മ പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും അതില്‍  ഉമ്മയുടെ രുചികൂട്ടില്‍ തയ്യാറാക്കിയ ഉപ്പേരിയും ഉണ്ടാകും കൂട്ടിന് ഒരു പപ്പടവും, കഴിച്ചു കഴിയാറാകുമ്പോഴേക്കും പള്ളിയില്‍ നിന്നും സുബഹി ബാങ്ക് വിളി ഉയരും.

ഉമ്മയും സഹോദരിമാരും  നമസ്ക്കാരത്തിനായി പോകുമ്പോള്‍ , എന്‍റെ കണ്ണില്‍ വിണ്ടും ഉറക്കം വന്നു തുടങ്ങും,ഉറക്കം തൂങ്ങുന്ന എന്നെ കണ്ടാല്‍ പിന്നെ ഉമ്മയുടെ ശകാരം. പോയി ഉറങ്ങാന്‍ പറയും.പിന്നെ പതിയെ ഉറക്കത്തിലേക്ക്.

റംസാന്‍ കാലത്ത് സ്കൂലിന് അവധിനാളുകളാണ്. മദ്രസയില്‍ കൊല്ല പരീക്ഷ കഴിഞ്ഞ് പുതിയ ആദ്യയനവര്‍ഷത്തിലേക്കുള്ള  റിസല്‍ട്ടിനായി കാത്തിരിക്കുന്ന കാലവും .അതുകൊണ്ട് ആ അവധിക്കാലം ഒരു ഉത്സവക്കാലം തന്നെയാണ് അതുകൊണ്ട് രാവിലെതന്നെ  എഴുനേല്‍ക്കും,

പിന്നെ കളിയാണ്‌,കൂട്ടിന് കുഞ്ഞനുജത്തിയുംഉണ്ടാകും.അവള്‍ക്കു നോമ്പില്ലാത്തത്ത്  കൊണ്ട് ഉമ്മ അവളെ ഉച്ചയൂണിനായി വിളിക്കും. ആ സമയം  എനിക്കും വിശപ്പ്‌ തുടങ്ങും,പിന്നെ ഉമ്മയുടെ അടുത്ത് ചെന്ന് "പയിക്കുന്നുമ്മ" എന്ന് പറയും,ഉമ്മ ആദ്യം ശകാരിക്കും.

പിന്നെ അടുക്കളയി പോയി അത്തായത്തിനു  ഉണ്ടായിരുന്ന കഞ്ഞിയും ഉപ്പേരിയും പാത്രത്തില്‍ തരും,അതും കഴിച്ച് വിണ്ടും കളിതുടങ്ങും.

ആരെങ്കില്‍ വിട്ടില്‍ വന്നു നോമ്പില്ലേ എന്ന് ചോദിച്ചാല്‍
അരനോമ്പ് നോക്കി എന്ന് അവരോട് മറുപടി പറഞ്ഞ് വിണ്ടും കളിയില്‍ മുഴങ്ങും.

നോമ്പ് തുറക്കാന്‍ നേരം ഉണ്ടാക്കുന്ന സര്‍ബത്ത് ആദ്യം രുചിച്ചു നോക്കുന്നതും ,നോമ്പ് തുറക്കാന്‍ നേരം ആദ്യം മേശയില്‍ ചെന്ന് ഇരിക്കുന്നത് ഞാനായിരിക്കും. ആ സമയം നോമ്പ്കാരേക്കാള്‍ നോമ്പ്തുറക്കാന്‍ തൃതി എനിക്കാണ്.

അങ്ങനെ റമളാന്‍ മാസത്തിലെ 30 നോമ്പില്‍ നിന്നും അര നോമ്പ് നോക്കി മൂന്നോ നാലോ നോമ്പ് നോക്കും കുഞ്ഞനുജത്തിയും അങ്ങനെ  ചിലപ്പോള്‍ അരനോമ്പുകള്‍ നോക്കും ,
അതായിരുന്നു കുട്ടിക്കലാത്തെ നോമ്പ് അനുഷ്ടാനം ഇത് എന്‍റെ മാത്രമല്ല നിങ്ങളുടെ  ഓരോരുത്തരുടെയും അല്ലേ....

കുട്ടിക്കാലത്തെ  അരനോമ്പുകളുടെ കാലം.

Monday, June 15, 2015

മിന്നാമിനുങ്ങുകള്‍

      “ പാര്‍വ്വതിയുടെ ഈ വിജയം നമ്മുടെ വിദ്യാലയത്തിന്‍റെ 
ഉയര്‍ച്ചയ്ക്ക്       മുതല്‍ കൂട്ടാണ്.
പാര്‍വ്വതിയേ പോലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വിദ്യാലയത്തിന്‍റെ അഭിമാനമാകാന്‍ ശ്രമിക്കണം.പാര്‍വ്വതിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് ഉപഹാരം സ്വീകരിക്കാന്‍ വേണ്ടി പാര്‍വതിയെ വേദിയിലേക്ക് ക്ഷണിക്കുന്നു.”

     പത്താം തരത്തില്‍ നിന്നും ഉന്നത വിജയം നേടി  വിദ്യാലയത്തിന്‍റെ അഭിമാനമായിരിക്കുകയാണ് പാറു. ഇന്ന് അവളുടെ ആ വിജയം ആഘോഷിക്കുകയാണ് വിദ്യാലയം.

പാറു ആദ്യമായിട്ടാണ് സ്റ്റേജില്‍ കയറുന്നത്, അതിന്റെ പരിഭ്രമം ആ മുഖത്ത് കാണാമായിരുന്നു.സദസ്സില്‍ നിന്നും സഹപാടികളുടെ കയ്യടി ആര്‍പ്പുവിളികളും തുടങ്ങി.

  അവള്‍ ഹൃദയമിടിപ്പോടെ  സ്റ്റേജില്‍ കയറി.
 ഉപഹാരം എറ്റുവാങ്ങി തിരിച്ച് അവളുടെ ഇരിപ്പിടത്തിലേക്ക് നടന്നു.
അവള്‍ തനിക്ക് ലഭിച്ച ഉപഹാരം സസൂക്ഷമംനോക്കികോണ്ടിരുന്നു.

   മരത്തടി കൊണ്ട്  നിര്‍മ്മിച്ച പുസ്തകത്തിന്‍റെയും  പേനയുടെയും രൂപമായിരുന്നു അത്.ഒപ്പം അതില്‍ തന്‍റെ ഫോട്ടോയും പതിച്ചിട്ടുണ്ട്.
അവളുടെ ശ്രദ്ധ അതില്‍ തന്നെയായിരുന്നു.
കാരണം  അതിന് ചുറ്റും  മിന്നാമിനുങ്ങുകള്‍ വന്ന്നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി . അപ്പോഴും അവളുടെ പേര് വിളിച്ച് കൊണ്ട് സദസ്സില്‍ നിന്നും കുട്ടികള്‍ കരഘോഷത്തോടെ അഭിനന്ദനപ്രവാഹങ്ങള്‍ തുടര്‍ന്നു.

 അന്ന് രാത്രി ഏറെ വൈകിട്ടും  അവള്‍ക്ക് ഉറക്കം വന്നില്ല. ആ സദസ്സിലെ കയ്യടിയും ആര്‍പ്പു വിളികളും കാതില്‍ അലയടിച്ച് കൊണ്ടിരുന്നു. ആ  സമയത്താണ് മിന്നാ മിനുങ്ങുകള്‍ അവളുടെ മുന്നിലേക്ക് വന്നത്. പാറു അവരെ കണ്ടപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു.

"വരു...വരു..എവിടെയായിരുന്നു ഇത്രയും നേരം...നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പരിഭവത്തോടെ ചോദിച്ചു. ഉടനെ പരിഭവം മറന്ന് അവള്‍ വാചാലയായി.
ഇന്നത്തെ ദിവസത്തെ ഞാന്‍ മറക്കില്ല..അത്രയും സുന്ദരമായ ഒരു ദിവസമായിരുന്നു.
''നിങ്ങള്‍ക്കറിയോ ഇന്ന് എനിക്ക് ഒരു സമ്മാനം കിട്ടി '' 

അവള്‍ തനിക്ക് കിട്ടിയ സമ്മാനം അവര്‍ക്ക് മുന്നില്‍ വച്ചു

''ഇത് സമ്മാനിച്ചത്‌ നിങ്ങളാണ്.

ഇതിന്‍റെ അവകാശികള്‍ നിങ്ങളും കൂടിയാണ്
നിങ്ങളില്ലായിരുന്നെങ്കില്‍ ഈ വിജയം എനിക്ക്നേടാന്‍ സാധിക്കുമായിരുന്നില്ല."

ശരിയാണ് പാറുവിന്‍റെ  ഈ വിജയത്തിന്‍റെ  ഒരു പങ്ക്
ആ മിന്നാമിനുങ്ങുകള്‍ക്കും കൂടിയുള്ളതാണ്. 

അതിനൊരു കാരണവും ഉണ്ട്.

അച്ഛനും അമ്മയ്ക്കും പാറു എക മകളാണ്.ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്.

വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഒരു പ്രദേശത്താണ് പാറുവിന്‍റെ വീട്.
തുച്ചമായി കിട്ടുന്ന റേഷന്‍ മണ്ണെണ്ണയില്‍ നിന്നാണ് ആ കൊച്ചുവീട്ടിനകത്ത് വെളിച്ചം പകരുന്നത്.

പാറു എന്നും പഠിക്കാന്‍ ഇരിക്കുമ്പോള്‍ മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് അവളുടെ മുറിയില്‍  വട്ടമിട്ട് പറക്കുന്നത് പതിവാണ്.
പതിവ് പോലെ അന്നും മണ്ണെണ്ണ വിളക്കുമായി അവള്‍ പഠിക്കാനായി ഇരുന്നു.
ആ  സമയം  ഓലപ്പുരയുടെ ജാലകത്തില്‍ കുടി തണുത്ത കാറ്റിനോടൊപ്പം ഒരു മിന്നാമിനുങ്ങ് വന്ന് അവള്‍ക്ക് ചുറ്റും വട്ട മിട്ട് പറക്കാന്‍ തുടങ്ങി.
ആദ്യം അവള്‍ അത്ര കാര്യമായി ശ്രദ്ധിച്ചില്ല.

വിണ്ടും അവള്‍ക്ക്  ചുറ്റും പറന്ന്  അവളുടെ പൂസ്തകത്തില്‍ വന്ന് ഇരുന്നു.അപ്പോഴാണ് അവള്‍ കണ്ടത്. ആദ്യ നോട്ടത്തില്‍ തന്നെ ആ മിന്നാമിനുങ്ങില്‍  ഒരു പ്രത്യേകത ഉള്ളത് പോലെ അവള്‍ക്ക്തോന്നി. അവള്‍ പുസ്തകം തന്‍റെ മുഖത്തിനു  നേരെ പിടിച്ച് അതിന്‍റെ  സൌന്ദര്യത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.

അവള്‍ തന്‍റെ  സൌന്ദര്യത്തില്‍ മയങ്ങിപ്പോയി എന്ന സന്തോഷത്തില്‍ ആ മിന്നാമിനുങ്ങ് വീണ്ടും അവള്‍ക്ക് ചുറ്റും പറക്കാന്‍ തുടങ്ങി  ആ പറക്കലിനിടയില്‍ അശ്രദ്ധ കാരണം  മണ്ണെണ്ണ വിളക്കിന്‍റെ മുകളിലുടെയായിരുന്നു പറയുന്നത്.
അപകടം മാനസ്സിലാക്കിയ പാറു മണ്ണെണ്ണ വിളക്ക് ഊതികെടുത്തി. ഭാഗ്യവശാല്‍ അതിന് ഒന്നും സംഭവിച്ചില്ല. ഇരുട്ടായിരുന്ന ആ മുറിയില്‍ അപ്പോള്‍ മിന്നാമിനുങ്ങിന്‍റെ വെളിച്ചം മത്രമായിരുന്നു. ആ ഇരുട്ടത്ത് അവള്‍ അതിന്‍റെ  മിന്നിമറിയുന്ന വെളിച്ചം ആസ്വദിച്ചു കൊണ്ടിരുന്നു.അങ്ങിനെ സമയം എറെയായി. അവള്‍ പതിയേ ഉറക്കത്തിലേക്ക് പോയി.....


കുറേ നേരത്തിനു ശേഷം...


ഉറക്കത്തിനിടയില്‍ അവള്‍ക്ക് തന്‍റെ കണ്‍പോളകള്‍ക്ക്മുന്നിലൂടെ വെളിച്ചം മിന്നിമറയുന്നത് പോലെ തോന്നി.അവള്‍ കണ്ണുകള്‍ പതുക്കെ തുറന്നു.അത് കണ്ട അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മുറിക്കകത്ത് ചുറ്റും ഒരുപാട് മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് നില്‍ക്കുന്നു. വീടിന്‍റെ  അകം മുഴുവന്‍ മണ്ണെണ്ണ വിളക്കിനേക്കാളും പ്രകാശം പരത്തി ആ മിന്നാമിനുങ്ങുകള്‍. അവള്‍ ചുറ്റിലും നോക്കി , ഓലച്ചുവരിന്‍റെ ഒരു വിടവ് പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. എല്ലാം മിന്നാമിനുങ്ങുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനിടയില്‍ ഒരു മിന്നാമിനുങ്ങ് അവള്‍ക്ക് ചുറ്റും പറന്ന്  അവളുടെ പുസ്തകത്തില്‍ പോയി ഇരുന്നു. ആ പുസ്തകമെടുത്ത് ആ മിന്നാമിനുങ്ങിനോട്  പറഞ്ഞു

''അപ്പോള്‍ നീയാണ് ഇവരെ കൂട്ടികൊണ്ട് വന്നത് അല്ലേ''

അവള്‍ ചിരിച്ചു കൊണ്ട് അവരുടെ ആ വെളിച്ചത്തില്‍ പഠനം തുടര്‍ന്നു. പിന്നിടുള്ള എല്ലാ ദിവസവും അവള്‍ പഠിക്കാന്‍ ഇരിക്കുന്ന സമയം മിന്നാമിനുങ്ങുളെല്ലാം ആവീട്ടില്‍ വരവ് പതിവാക്കി ഒപ്പം വെളിച്ചം കൊണ്ട് ആ വിട് അലങ്കരിക്കുകയും പാറുവിനു  വെളിച്ചം നല്‍കി സഹായിക്കുകയും ചെയിതു.

അവര്‍ ഇന്നും പതിവ് തെറ്റിച്ചില്ല  അവര്‍ വന്ന് വെളിച്ചം പകരുകയും പാറുവിന്  കിട്ടിയ ഉപഹാരത്തിനു  ചുറ്റും പാറിക്കളിച്ച് നൃത്തം ചെയ്തുകൊണ്ടിരുന്നു. അവള്‍ അത് കണ്ട്കൊണ്ട് അവരോടൊപ്പം കൂടുകയും ചെയുതു ...പതിയെ അവള്‍ ഉറക്കത്തിലേക്ക് പോയി...അവള്‍ ഉറങ്ങിയെന്നു മനസ്സിലായ മിന്നാമിനുങ്ങുകള്‍ അവരുടെ യാത്ര തുടര്‍ന്നു...ലോകത്തെ തങ്ങളുടെ വെളിച്ചം കൊണ്ട് അലങ്കരിക്കാന്‍...




Monday, June 1, 2015

അക്ഷരമുറ്റം മിഴി തുറന്നു

അക്ഷരമുറ്റം  മിഴി തുറന്നു
ഇനിയുള്ള  നാളുകള്‍
അക്ഷരങ്ങള്‍ കൊണ്ട്  കളിച്ചും ചിരിച്ചു
ഒപ്പം കരഞ്ഞും
അക്ഷരമുറ്റം ഉത്സവലഹരിയിലാകും.
പുതിയ നല്ല സൗഹൃദങ്ങള്‍ ജനിക്കും
പഴയത് വിണ്ടും പുനര്‍ജനിക്കും
പിരിഞ്ഞ  സൗഹൃദങ്ങളെ ഓര്‍ത്തു വിതുമ്പും
അധ്യാപക വിദ്യര്‍ത്ഥികള്‍ക്കിടയില്‍-
പുതിയ ആത്മബന്ധങ്ങള്‍ പൂവിടും
അധ്യാപകര്‍ ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങള്‍
ഒരേ സ്വരത്തില്‍ ചൊല്ലിപഠിക്കും
പുത്തന്‍ കുടയുടെയും ബാഗിന്‍റെയും
വിശേഷങ്ങളും ഭംഗിയും പങ്കുവയ്ക്കും
മധുരങ്ങള്‍ പങ്കിട്ടുകഴിക്കും
തോളോട് തോള്‍ ചേര്‍ന്ന് നടക്കും
വെയിലിലിം മഴയിലും മഴവെള്ളത്തിലും
തുള്ളിച്ചാടിയും പരസ്പരം മഴവെള്ളം തെറിപ്പിച്ചും
അവര്‍ അക്ഷരമുറ്റത്തേക്ക് ഒന്നിച്ചു ഓടി ചെല്ലും
എനിയുള്ള നാളുകള്‍ അക്ഷരമുറ്റം
ഉത്സവലഹരിയിലാണ്.
വിദ്യാഭ്യാസം എന്ന മഹത്തായ മധുരം നുകരാന്‍,
അവര്‍ ഒരേ സ്വരത്തില്‍ പഠിച്ചും കളിച്ചും ചിരിച്ചും
ആ അക്ഷരമുറ്റം ഉത്സവലഹരിയിലാക്കും.
ഭാവിയില്‍ ഓര്‍ത്തു വെക്കാന്‍
അങ്ങനെ ഒരുപാടു കാര്യങ്ങള്‍.............
ഉസ്കൂള്ള്  പോന്ന എല്ലാ പുള്ളര്‍ക്കും എന്‍റെ  ആശംസകള്‍  
നിങ്ങള്‍ പഠിച്ച് നാടിനും വീടിനും ഒരു നല്ല മുതല്‍ കൂട്ടാവട്ടെ....


Wednesday, January 21, 2015

കാട്ടിലെ താരം



''വയറ്റില്‍ എന്തെങ്കിലും ചെന്നിട്ട് രണ്ടു ദിവസമായി,
വല്ലാത്ത വിശപ്പ്‌.അകത്താക്കാന്‍ പറ്റിയ ഒരു ഇരയെപ്പോലും കാണുന്നില്ല''
വിശപ്പ്‌ സഹിക്കാന്‍ പറ്റാതെ  പാതി അടഞ്ഞ കണ്ണുമായി മരത്തിന്‍റെ താഴ്ന്ന കൊമ്പില്‍ ചുരുണ്ടുകൂടി ഇരിക്കുകയാണ് പേരുങ്കന്‍ പെരുമ്പാമ്പ്‌.
   ആ സമയം  അത് വഴി  മൂളിപ്പാട്ടും ചുളംവിളിയുമായി  മണിയന്‍ ചുണ്ടെലി  വരികയായിരുന്നു...
      വിശന്ന് തളര്‍ന്ന് ഉറങ്ങിപ്പോയ പെരുങ്കന്‍റെ ചെവിയില്‍ ആ ചൂളം വിളി പതിഞ്ഞു.ഉടനെ ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്നുനോക്കി.ചുളം വിളി കേട്ട ഭാഗത്തേക്ക് തന്‍റെ  തല പതിയെ തിരിച്ചു.
     ''അതാ...  ഒരു ചുണ്ടെലി ... ''
പെരുങ്കന്‍റെ  വായില്‍ വെള്ളമൂറി
''ഇന്ന് ഇവന്‍ മതി ,പകുതി വിശപ്പെങ്കിലും അടങ്ങുമല്ലോ''
മുകളില്‍ തന്നെ ഒരാള്‍ നോക്കുന്നുണ്ടെന്ന്  അറിയാതെ  മണിയന്‍  ''ബുക്കാല...ബുക്കാപൂല ....ഞാന്‍ മണിയന്‍ ....''
എന്ന പാട്ടും പാടിക്കൊണ്ട് നടത്തം തുടര്‍ന്നു.
പെരുങ്കന്‍  മരത്തില്‍ നിന്നും പതിയെ താഴെ ഇറങ്ങി 
പിറകെ ശബ്ദമുണ്ടാക്കാതെ  ചെന്നു..
അങ്ങിനെ ഒരുപാട് ദൂരം നടന്ന  മണിയന്  ഒരു സംശയം.
തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് .
മണിയന്‍ നടത്തത്തിന്‍റെ  വേഗത കുറച്ച് പിറകിലേക്ക് തിരിഞ്ഞു നോക്കി മുന്നോട്ടു നടന്നു.
''ആരെയും കാണുന്നില്ലല്ലോ ....ആ.... എനിക്ക് തോന്നിയതാകും.'' 
തല  ചൊറിഞ്ഞു കൊണ്ട്  പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ് മുന്നോട്ട് നടന്നു.
   ഠിം ... എന്‍റെമ്മേ..... പെരുങ്കന്‍ കെണിയായി വെച്ച  തന്‍റെ  വാല്‍  തട്ടി  മണിയന്‍ താഴെവീണു.  
എഴുന്നെക്കാന്‍  ശ്രമിക്കുമ്പോള്‍ മുന്നില്‍ നിന്നും ഒരു അനക്കം. 
തല ഉയര്‍ത്തി നോക്കിയാ  മണിയന്‍ അത് കണ്ട്  ഞെട്ടി....
അയ്യോ ....പെ ...പെ...പെരുങ്കന്‍.... 
മണിയന്‍ പേടിച്ച്‌ വിറക്കാന്‍ തുടങ്ങി...
അപ്പോഴേക്കും  പെരുങ്കന്‍  മണിയന് ചുറ്റും വളഞ്ഞു കഴിഞ്ഞിരുന്നു.
''രണ്ട് ദിവസമായി  എന്തെങ്കിലും അകത്താക്കിയിട്ട്....ഇന്ന് എനിക്ക് നിന്നെ മതി....'' 
ചിരിച്ചു കൊണ്ട്  വാ തുറന്ന് അവന് നേരെ അടുത്തു.
മണിയന്‍ ഉറക്കെ നിലവിളിക്കാന്‍  തുടങ്ങി ''അയ്യോ....രക്ഷിക്കണേ...എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ ....''
''ഇല്ല നിന്നെ ഇവിടെ ആരും രക്ഷിക്കാന്‍ വരില്ല.''
പെരുങ്കന്‍ അട്ടഹസിച്ചു കൊണ്ട് പറഞ്ഞ് അവന് നേരെ അടുത്തു .

      ക്യാരറ്റ് തിന്നുകൊണ്ടിരിക്കുകയായിരുന്ന ചിന്നന്‍ മുയല്‍  ആ നിലവിളി കേട്ടു.   
ആരാണത്  നിലവിളിക്കുന്നെ ...എന്തോ ആര്‍ക്കോ  ആപത്തു സംഭവിച്ചിരിക്കുന്നു.പിന്നെ ഒട്ടും താമസിച്ചില്ല .ചിന്നന്‍ ശബ്ദ കേട്ട ഭാഗത്തേക്ക് ശരവേഗത്തില്‍ ഓടി.
സംഭവസ്ഥലത്ത് എത്തിയ ചിന്നന്‍ ആ കാഴ്ച കണ്ട്  ഒന്ന് സ്തംബിച്ചു നിന്നു
''ഒരു ചുണ്ടെലി പെരുങ്കന്‍റെ  വലയില്‍ അകപ്പെട്ടിരിക്കുന്നു .
''അവനെ രക്ഷിക്കണം...എങ്ങിനെ....എന്‍റെ ശക്തിയേക്കാള്‍  പത്തിരട്ടി ശക്തി അവനിക്കുണ്ട് ... ''
എന്ത് ചെയ്യണം എന്നറിയാതെ ചിന്നന്‍ ചുറ്റും നോക്കി 
അപ്പോഴാണ് ചിന്നന്‍ ആ കാഴ്ച കാണുന്നത്....
ആ സംഭവ സ്ഥലത്ത് എല്ലാം കണ്ട് കൊണ്ട് ഒരുപാട് പേര്‍ നില്‍ക്കുന്നു.ഒരാള്‍ പോലും അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല .
എല്ലാം കൂടി ആയപ്പോള്‍  ചിന്നാണ് ദേഷ്യവും സങ്കടവും  കൂടി വന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല . തന്‍റെ കൈയ്യിലിരുന്ന ക്യാരറ്റ്  പെരുങ്കനു നേരെ  അലറി വിളിച്ചു കൊണ്ട് ശക്തിയായി  വലിച്ചെറിഞ്ഞു.
''പെരുങ്കാ.......................''
ചിന്നന്‍റെ  ആ വിളി പെരുങ്കന്‍റെ  ചെവിയും ശരിരത്തെയും ഞെട്ടിച്ചു. വിളികേട്ട  അവന്‍  തിരിഞ്ഞു നോക്കി 
തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ എന്തോ ഒന്ന് പാഞ്ഞു വരുന്നതെ  കണ്ടുള്ളൂ അത് എന്താണെന്ന് അറിയുന്നതിന് മുന്നേ ക്യാരറ്റ് പെരുങ്കന്‍റെ തലയില്‍ ശക്തിയായി വന്നിടിച്ചു...
ഇടിയുടെ  ആകാതത്തില്‍ പെരുങ്കന്‍  ബോധംകെട്ടു വീണു .
പെരുങ്കന്‍റെ  കയ്യില്‍ നിന്നും രക്ഷപെട്ട മണിയന്‍ ചിന്നന്‍റെ  അടുത്തേക്ക് ഓടി...
''വളരെ നന്ദിയുണ്ട് സുഹ്രുത്തേ...എന്നെ രക്ഷിച്ചതിന്... വളരെ നന്ദി ''
''ചിന്നന്‍ അതാണ്‌ എന്‍റെ പേര് ''
''ഞാന്‍ മണിയന്‍ ...ചിന്നാ ... ഇനി മുതല്‍ നിയാണ് എന്‍റെ നല്ല സുഹൃത്ത്.....''
ചിന്നന്‍ ചിരിച്ചു  കൊണ്ട് മണിയന്‍റെ തോളില്‍ കയ്യിട്ട് തന്‍റെ അരികിലേക്ക്  ചേര്‍ത്ത് പിടിച്ചു ... 
ചിന്നന്‍  അവിടെ കൂടിയിരുന്ന എല്ലാവരെയും പുച്ഛത്തോടെ നോക്കികൊണ്ട്‌ 
മണിയനെയും കൂട്ടി നടന്നു പോയി...
ബോധം തെളിഞ്ഞ  പെരുങ്കന്‍ ഇടിയുടെ വേദനയും വിശപ്പും സഹിച്ച് വീണ്ടും മരത്തിലേക്ക് വലിഞ്ഞുകയറി... 
മരത്തിന്‍റെ  കൊമ്പില്‍ ചുരുണ്ടുകൂടി അടുത്ത ഇരയെ പിടിക്കാനായി കാത്തിരിക്കുന്നു....

                                                              .......തുടരും......
Related Posts Plugin for WordPress, Blogger...